ജറുസലേം: ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഇസ്രായേൽ പോലീസ് തടഞ്ഞു. ക്രിസ്തീയ വിശ്വാസ പ്രകാരം ഏറ്റവും വിശുദ്ധമായി കരുതപ്പെടുന്ന വിശുദ്ധ സെപ്പൽച്ചർ ദേവാലയത്തിൽ പ്രവേശിക്കുന്നതിനാണ് തടസം നേരിട്ടത്.
നൂറ്റാണ്ടുകൾക്ക് ശേഷമാണ് സഭാനേതാക്കൾക്ക് ഓശാന ഞായർ ദിനത്തിൽ വിശുദ്ധ ദേവാലയത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നത്. ഇസ്രയേൽ പോലീസിന്റെ നടപടിയിൽ ജറുസലേം ലത്തീൻ പാത്രിയർക്കീസേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന "ഗുരുതരമായ കീഴ്വഴക്കമാണ്" ഇതെന്ന് സഭ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ അൽ-അഖ്സ പള്ളിയിൽ ഈദ് നമസ്കാരം നടത്തുന്നതിനും വിശ്വാസികൾക്ക് ഇസ്രയേൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്തീയ ദേവാലയങ്ങൾക്കും സഭാനേതാക്കൾക്കും നേരെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.